നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കും; പാര്‍ട്ടി ചിഹ്നം അനുവദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. അതിനായി അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള കേരള മിഷനില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെപ്പായേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ നേരത്തെയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അന്‍വര്‍ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നുണ്ട്.