#news #Top Four

ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. തൃശ്ശൂര്‍ ഡിഐജി എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളും പോലീസ് നിരീക്ഷിക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കും. ജില്ലാതലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ടീം ഉണ്ടാക്കും. സബ് ഡിവിഷനില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും സ്‌ട്രൈക്കിംഗ് ടീം വേണമെന്ന് നിര്‍ദ്ദേശമുണ്ട്. രാത്രി കാലങ്ങളില്‍ സ്‌ട്രൈക്കിംഗ് ടീം പൂര്‍ണ്ണ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൃശ്ശൂരില്‍ ലഹരിപാര്‍ട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ജൂണ്‍ 28ന് ആക്രമണം നടന്നിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോലീസിനെതിരെ ആക്രമണം നടന്നത്. നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഗ്രേഡ് എസ് ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒന്നിലേറെ പോലീസ് വാഹനങ്ങള്‍ തകര്‍ന്നിരുന്നു.

തൃശ്ശൂര്‍ നല്ലെങ്കരയില്‍ സഹോദരങ്ങളായ അല്‍ത്താഫും അഹദും സംഘടിപ്പിച്ച ബെര്‍ത്ത്‌ഡെ പാര്‍ട്ടിയെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കളായ ബ്രഹ്‌മജിത്തും എബിനും അഷ്‌ലിനും ഷാര്‍ബലും ബെര്‍ത്ത് ഡെ പാര്‍ട്ടിക്ക് എത്തിയിരുന്നു. അല്‍ത്താഫിന്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നടന്ന ബര്‍ത്ത്‌ഡെ പാര്‍ട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് എത്തി. അല്‍ത്താഫിന്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം തുടര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഭയന്ന് പോയ അല്‍ത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *