നിമിഷപ്രിയയുടെ മോചനം: ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീം കോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യം അറിയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മര്‍കസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തില്‍ ഉള്‍പെടുത്തണമെന്നും ആവശ്യപ്പെടും.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കവേയായിരിക്കും ആവശ്യം അറിയിക്കുക. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. വധശിക്ഷ മാറ്റിവെച്ച വിവരം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ അറിയിക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി രംഗത്തെത്തിയിരുന്നു. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുള്‍ മഹ്ദിയുടെ പോസ്റ്റ്. നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി. ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരത്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.