പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി ട്രാന്‍സ് വുമണ്‍ അവന്തിക. തന്റെ തുറന്നുപറച്ചിലിനു മുമ്പ് ഒരു റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങള്‍ തുറന്ന് പറയാതിരുന്നതെന്നും അവന്തിക മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ഓഗസ്റ്റ് ഒന്നാം തീയതി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണമാണ്. തനിക്കെതിരെ മോശമായ രീതിയില്‍ രാഹുല്‍ സംസാരിച്ചിട്ടുണ്ടെന്ന് എങ്ങനെയോ അറിഞ്ഞാണ് ആ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടത്. രാഹുല്‍ ഒരു എംഎല്‍എ കൂടി ആയതുകൊണ്ട് തന്നെ അന്ന് തനിക്ക് അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ നടി പരസ്യമായി രംഗത്തെത്തിയതോടുകൂടിയാണ് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. തുറന്നു പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും മാനസികമായി തളര്‍ന്നെന്നും അവന്തിക പറഞ്ഞു.
രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്ര സമ്മേളനത്തിലെത്തി പുറത്തുവിട്ടത്.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































