തൃശൂര്‍ ലുലു മാള്‍; കേസ് നല്‍കിയത് സിപിഐ നേതാവ്, പരാതി വ്യക്തിപരം
തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദന്. പരാതിയ്ക്ക് പിന്നില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും തികച്ചും വ്യക്തിപരമാണെന്നുമാണ് മുകുന്ദന്റെ വിശദീകരണം. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നല്‍കിയത്.
Also Read: മാറ്റമില്ല, ശാസ്ത്രോത്സവം പാലക്കാട് നടത്തും; രാഹുലിനെ പങ്കെടുപ്പിച്ചേക്കില്ല
ഹെക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് എന്നും മുകുന്ദന് പറഞ്ഞു. തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി പറഞ്ഞത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുകുന്ദന് വിശദീകരണവുമായി എത്തിയത്. 2001 മുതല്‍ 2005വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും അവസാന 18മാസം പ്രസിഡന്റും ആയിരുന്നു മുകുന്ദന്. നിലവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്. അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ്.
അതേസമയം, ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്ന് തൃശൂര്‍ ചിയ്യാരത്ത് തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവെ യൂസഫ് അലി പറഞ്ഞിരുന്നു.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































