January 27, 2026
#kerala #Top Four

പൂരം കലക്കല്‍ വിവാദം; അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല, താക്കീത് നല്‍കുമെന്ന് ഡിജിപി

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം. ആര്‍.അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. സസ്‌പെന്‍ഷന്‍ പോലെയുള്ള കടുത്ത നടപടികള്‍ ഒന്നും വേണ്ടെന്നാണ് ഡിജിപിയുടെ അഭിപ്രായം. മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശിപാര്‍ശ എഴുതിച്ചേര്‍ത്തു. താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും എന്നാണ് വിവരം. സര്‍ക്കാരിന്റെ ആവശ്യ പ്രകാരം മാത്രമായിരിക്കും പുനപരിശോേധനയുണ്ടാകുക.

Also Read: ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു

പൂരം കലക്കലിലെ ത്രിതല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സഹേബ് എം.ആര്‍ അജിത് കുമാറിന്റെ ഇടപെടലുകള്‍ അന്വേഷിച്ചത്. തൃശൂര്‍ പൂരം കലക്കിയ സമയത്ത് അവിടെ ഉണ്ടായിട്ടും ഇടപെടാന്‍ ക്രമസമാധാന ചുമതലമുണ്ടായിരുന്ന എഡിജിപി എം ആര്‍ അജിത്കുമാര്‍ തയ്യാറായില്ല എന്നായിരുന്നു കണ്ടെത്തല്‍.കൃത്യവിലോപം നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശിപാര്‍ശയാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയത്.

ശിപാര്‍ശ അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വിട്ടിരുന്നു.തനിക്കെതിരെ അജിത് കുമാര്‍ ഗൂഢാലോചന നടത്തി എന്ന പി.വിജയന്റെ ആരോപണവും ശരിവെച്ച് രണ്ടാമത്തെ റിപ്പോര്‍ട്ടും സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ഷേക്ക് ദര്‍വേഷ് സഹേബ് നല്‍കി. ഇതും അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് ഫയല്‍ അയച്ചു. എന്നാല്‍ ഇതു രണ്ടും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ റവാഢ ചന്ദ്രശേഖറിന് ഇന്നലെ സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. റവാഢ ചന്ദ്രശേഖര്‍ ഫയല്‍ പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

 

Leave a comment

Your email address will not be published. Required fields are marked *