ജയസൂര്യ ഇനി സംഘി! മന്ത്രി പി രാജീവിന്റെ സംഘപരിവാര്‍ ബന്ധവും വ്യക്തം! വിവാദം ഏറ്റെടുത്ത് കോണ്‍ഗ്രസ്
കളമശേരിയിലെ പൊതുപരിപാടിയില്‍ വെച്ച് നെല്ലുകര്‍ഷകരുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയ നടന് ജയസൂര്യക്ക് സൈബറിടത്തില്‍ പണി കിട്ടിത്തുടങ്ങി. സിനിമാ മേഖലയില്‍ നിന്നാണ് ജയസൂര്യക്ക് കനത്തിലുള്ള മറുപടി ലഭിച്ചത്. സംവിധായകന് എം എ നിഷാദ് ജയസൂര്യയെ സംഘപരിവാറുകാരനാക്കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. പേട്ട ജയന്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക.
ചുമ്മ പബ്ലിസിറ്റിക്ക് വേണ്ടി തള്ളുന്ന ഒരു തള്ള് അത്ര തന്നെ. കര്‍ഷകര്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാല്‍ വിവരക്കേട് ബോധ്യപ്പെടും. പ്രസംഗത്തില്‍ ജയസൂര്യ സൂചിപ്പിച്ച ആത്മമിത്രം കൃഷ്ണപ്രസാദ് മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന്റെ പൈസ വാങ്ങിയതിന്റെ രസീത് കൂടി പോസ്റ്റിനൊപ്പം ചേര്‍ത്ത എം എ നിഷാദ് ഒടുവില്‍ ഇങ്ങനെയൊരു മുന്നറിയിപ്പും നല്കി. പേട്ട ജയന് നീ കുറച്ചും കൂടി മൂക്കാനുണ്ട്, ധ്വജ പ്രണാമം…
ജയസൂര്യയുടെ പരാമര്‍ശത്തിന് പിറകില്‍ അജണ്ടയുണ്ടെന്നാണ് കൃഷി മന്ത്രി പി പ്രസാദ് ആരോപിച്ചത്. ജയസൂര്യ നല്ല അഭിനേതാവാണ്, അദ്ദേഹം ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ച വെക്കേണ്ടത്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അത് റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്ക് സംഘിപ്പട്ടം നല്‍കിയുള്ള സൈബര്‍ ക്യാപ്സൂളുകള് രംഗത്തിറങ്ങിയത്. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചതും ശ്രദ്ധേയമായി.
സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ വീഴ്ചകളെ വിമര്‍ശിച്ചതോടെ ജയസൂര്യയെ സംഘിയാക്കി. സംഘപരിവാറുകാരെ തിരിച്ചറിയാന്‍ കോണ്‍ഗ്രസ് ജാഗ്രത കാണിക്കണമെന്ന് ചിലര്‍ ക്ലാസെടുക്കുന്നതും കണ്ടു. ജയസൂര്യ ലക്ഷണമൊത്ത സംഘപരിവാറുകാരന് ആണെങ്കില്‍ മന്ത്രി പി രാജീവ് ആരാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. സംഘിയായ ജയസൂര്യക്ക് വേദി കെട്ടിക്കൊടുക്കുന്ന മന്ത്രിയും സംഘി തന്നെയാകില്ലേ എന്ന മുനവെച്ചുള്ള വിമര്‍ശനമാണ് മാങ്കൂട്ടത്തില്‍ തൊടുത്തു വിട്ടത്.
ജയസൂര്യക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. കര്‍ഷകരുടെ വികാരമാണ് ജയസൂര്യ പറഞ്ഞത്. പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും കെ മുരളീധരന് പരിഹസിച്ചു. ഏറ്റവുമധികം പട്ടിണി സമരങ്ങള്‍ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയില്ല. ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ കൃഷി മന്ത്രിയെ വേദിയിലിരുത്തി ചൂണ്ടിക്കാട്ടിയത് തെറ്റായ കാര്യമല്ലെന്നും കെ മുരളീധരന് പറഞ്ഞു.
പ്രസംഗത്തില്‍ ജയസൂര്യ സൂചിപ്പിച്ച കര്‍ഷക സുഹൃത്ത് കൃഷ്ണപ്രസാദും വിവാദത്തില്‍ പ്രതികരിച്ചു. തനിക്ക് പൈസ കിട്ടിയെന്ന് കാണിക്കാന്‍ റസീറ്റ് തപ്പിയെടുക്കാന്‍ അവര്‍ കാണിച്ച ആര്‍ജവം ഇനിയും പണം ലഭ്യമായിട്ടില്ലാത്ത ഇരുപത്തയ്യായിരത്തോളം കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ നന്നായേനെ. കടബാധ്യതയേറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ റീത്ത് വെച്ചിട്ട് കാര്യമില്ലെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
താനുള്‍പ്പെടുന്ന കര്‍ഷക സമിതിയില്‍ ഒരുപാട് ഇടതുപക്ഷക്കാരുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. എന്നാല്‍, ഇപ്പോള്‍ അവസ്ഥ മാറി. ജയസൂര്യ വേദിയില്‍ കര്‍ഷകരുടെ പ്രശ്നം തുറന്ന് പറഞ്ഞതുകൊണ്ടാണ് കേരളം ഈ വിഷയം ചര്‍ച്ച ചെയ്തത്. അദ്ദേഹം വലിയ പാതകം ചെയ്തതു പോലെയാണ് ആക്രമിക്കപ്പെടുന്നതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.
കളമശേരിയില്‍ താന്‍ പറഞ്ഞത് കര്ഷകദുരിതത്തെ കുറിച്ചാണ്. ആ പറഞ്ഞതൊന്നും പിന്‍വലിക്കുന്നില്ലെന്ന് ജയസൂര്യയും വ്യക്തമാക്കി.