പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ പിടി വീഴും
വാട്ട്സ് ആപ്പിലൂടെ ചുമ്മാ ഹാര്‍ട്ട് ഇമോജികള്‍ അയക്കാറുണ്ടോ? നിങ്ങള്‍ കുവൈത്തിലോ സൗദിയിലോ ആണോ എങ്കില്‍ പണി വരുന്നത് ശ്രദ്ധിച്ചോളൂ. വാട്സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ കുവൈത്തിലും സൗദി അറേബ്യയിലും അത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകര്‍ പറയുന്നു.
വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്ന കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. ഇതുപോലെ സൗദിയിലും വാട്സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ ജയിലിലാകുമെന്നുറപ്പ്. സൗദി നിയമമനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയുമാണ് ലഭിക്കുക.
വാട്സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളില്‍ പീഡനം ആയാണ് കണക്കാക്കുന്നതെന്നാണ് സൗദി സൈബര്‍ ക്രൈം വിദഗ്ധര്‍ പറയുന്നത്.