വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ, തമിഴ്നാട്ടിലെ ഏറ്റവും വലിയ സാമൂഹികക്ഷേമ പദ്ധതിക്ക് തുടക്കം

വനിതകള്‍ക്ക് 1000 രൂപ വീതം ലഭ്യമാക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിക്ക് തുടക്കം. സ്ത്രീകളുടെ അവകാശ ഗ്രാന്റ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വെള്ളിയാഴ്ച കാഞ്ചീപുരത്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള ഡെബിറ്റ് കാര്‍ഡുകളും കൈമാറി.
ഈ സ്‌കീമിന് കീഴില്‍, അര്‍ഹരായ എല്ലാ സ്ത്രീ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കും. സ്ത്രീകള്‍ക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണ്. വീട്ടമ്മമാര്‍ക്കുള്‍പ്പെടെ മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. സ്ത്രീകളുടെ അവകാശം ആണ് ഈ തുക എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി 7,000 കോടി രൂപ വകയിരുത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന സാമൂഹ്യക്ഷേമ പദ്ധതിയായി ഇതു മാറും. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്, പദ്ധതിക്കായി 1.63 കോടി അപേക്ഷകള്‍ ആണ് ലഭിച്ചത്. പരിശോധനയ്ക്ക് ശേഷം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ 1.06 കോടി സ്ത്രീകള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.