തൃശ്ശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് കളമൊരുക്കുന്നത് ഇ ഡി: എം.വി ഗോവിന്ദന്‍
കണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും അദ്ദേഹം ആരോപിച്ചു. സഹകരണ മേഖലയെ ഒട്ടാകെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി നേതാക്കളെ തുറുങ്കിലടയ്ക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
സിബിഐയേയും ഇ.ഡിയേയും ഉപയോഗിച്ച് പാര്‍ട്ടിയേയും ഇടതുപക്ഷ ഗവണ്‍മെന്റിനെയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനും നീക്കം നടക്കുന്നു. പാര്‍ട്ടിയുടെ നേതാക്കന്മാരെ കല്‍തുറുങ്കിലടയ്ക്കാനായി ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ആസൂത്രിതമായി പ്ലാനിലൂടെയും തിരക്കഥയിലൂടെയുമാണ് ഇതൊക്കെ നടത്തുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കാനായാണ് ബിജെപി ഒക്ടോബര്‍ 2 ന് പദയാത്ര നടത്തുന്നതെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































