തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത്
മലപ്പുറം: മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളെ അപമാനിച്ച് സി.പി.എം. നേതാവ് കെ. അനില്‍കുമാര്‍ നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു കെ. അനില്‍ കുമാറിന്റെ പരാമര്‍ശം.
‘കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മനുഷ്യത്വ വിരുദ്ധ തീവ്ര നവ ലിബറല്‍ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെന്‍സ് നടത്തിയ ലിറ്റ്മസ് പരിപാടിയിലാണ് മലപ്പുറം ജില്ലയിലെ മുസ്ലിം പെണ്‍കുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.എം തയ്യാറാകണം’ എന്നും കമ്മിറ്റി പറഞ്ഞു.
മനുഷ്യത്വ വിരുദ്ധ നവലിബറല്‍ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍മാറേണ്ടതാണ്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ മുസ്ലീം സമുദായം വിദ്യാഭ്യാസരംഗത്തടക്കം നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള ഒരു വിവരക്കേടും വിളിച്ച് പറയില്ലെന്നും മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
Also Read; വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം