February 5, 2025
#Top Four

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1956 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി എമ്മിനൊപ്പം നിന്നു. 1985 ല്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മൂന്നുവട്ടം എം എല്‍ എ ആയി. 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ അദ്ദേഹം നിലവില്‍ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. സി ഐ ടി യു ദേശീയവൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്.

Also Read; ആ പി വി പിണറായി തന്നെയെന്ന് തെളിയിക്കും; മാത്യു കുഴല്‍ നാടന്‍

1937 ഏപ്രില്‍ 22ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായാണ് ആനന്ദന്റെ ജനനം. 1954 ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടത്തിയ കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് ചുവടുവെക്കുന്നത്. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. അക്കാലത്ത് സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടി ആനന്ദന്‍ റെയില്‍വേയില്‍ടിക്കറ്റ് എക്സാമിനര്‍ ആയി ലഭിച്ച ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

നിരവധി തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആനന്ദന്‍ പലവട്ടം ജയിലില്‍ കിടുന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ആനന്ദന്‍ ജയില്‍മോചിതനായത്.

ട്രാവന്‍കൂര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍സെക്രട്ടറി, 1972 മുതല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

 

 

Leave a comment

Your email address will not be published. Required fields are marked *