സിക്‌സറിലൂടെ കോലിക്ക് സെഞ്ചുറി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ
പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ ഇന്ത്യമറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലി (97 പന്തുകളില്‍ 103*)യും 34 പന്തുകളില്‍ 34 റണ്‍സടിച്ച കെ എല്‍ രാഹുലും ഇന്ത്യ ലക്ഷ്യത്തിലെത്തിച്ചു. അര്‍ധസെഞ്ചുറി നേടിയ ഓപണര്‍ ശുഭ്മാന്‍ ഗില്‍ (55 പന്തുകളില്‍ 53), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (40 പന്തുകളില്‍ 48) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
നാല് മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ഏഴാം സ്ഥാനത്ത്. 22ന് ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിക്‌സറടിച്ചു കൊണ്ടാണ് കോലി വിജയറണ്‍ കുറിച്ചത്. ടോസ് നേടിയത് ബംഗ്ലാദേശായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്. 82 പന്തില്‍ 66 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.