കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം
കൊച്ചി: കൊച്ചി മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം. പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. വാഹനം വഴിതെറ്റി പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെ കെല്‍വിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് കെല്‍വിനൊപ്പം ഒരാള്‍ കൂടി ബൈക്കില്‍ യാത്ര ചെയ്തിട്ടുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയത്. കെല്‍വിന്റെ മരണവിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇവരെത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക.
Also Read; നടി ജയപ്രദയ്ക്ക് തിരിച്ചടി
അടുത്തിടെ പെരിയാറിന്റെ കൈവഴിയായ കടല്‍വാതുരുത്ത് പുഴയിലേക്ക് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ എ.ആര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരായ കൊടുങ്ങല്ലൂര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ ബോധിനഗറില്‍ അദ്വൈത് (28) എന്നിവരായിരുന്നു മരിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ