ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്: സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് വിഡി സതീശന്‍
കൊച്ചി: അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടിയെന്നും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
കാലാവധി കഴിഞ്ഞ മരുന്നുകള്‍ സമയം കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് വില്‍ക്കാനാവില്ല. ആ മരുന്നുകള്‍ മാര്‍ക്കറ്റ് വിലയുടെ പത്ത് ശതമാനം നല്‍കി വാങ്ങി വില്‍ക്കുകയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ചെയ്തത്. ബാക്കി 90 ശതമാനം അഴിമതിയാണെന്നും സതീശന്‍ പറഞ്ഞു. 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകളാണ് വിതരണം ചെയ്തത്. 483 ആശുപത്രികളിലേക്ക് നിലവാരം ഇല്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച മരുന്നുകളും 148 ആശുപത്രികളിലേക്ക് വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട മരുന്നുകളുമാണ് വിതരണം ചെയ്തത്.
ഗുണനിലവാരത്തില്‍ ഗുരുതരുമായ അലംഭാവമാണ് കാണിച്ചിരിക്കുന്നത്. 46 മരുന്നുകള്‍ക്ക് ഒരു ഗുണനിലവാരവും പരിശോധിച്ചില്ല. 14 വിതരണക്കാരുടെ ഒറ്റമരുന്നുപോലും പരിശോധിച്ചില്ല. ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെ ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു.