ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്.
Also Read;കേരളവര്‍മ്മയില്‍ നടന്നത് അട്ടിമറിയെന്ന് വി ഡി സതീശന്
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് പുറമെ, ടിപി രാമകൃഷ്ണന് എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































