നാളെത്തെ വിദ്യാഭ്യാസ ബന്ദില്‍ വ്യക്തത വരുത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തലസ്ഥാന ജില്ലയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരായ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നരനായാട്ടാണ് നടത്തിയതെന്ന് കെ എസ് യു പറയുന്നു.
പോലീസിനെ ഇറക്കി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് പ്രതിഷേധം അവസാനിപ്പിക്കാം എന്ന് സര്‍ക്കാര്‍ കരുതണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കെ എസ് യു നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രമായിരിക്കും വിദ്യാഭ്യാസ ബന്ദ് എന്നാണ് ആദ്യം പുറത്തുവന്നതെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍.
കെ എസ് യു സംസ്ഥാന അധ്യക്ഷന്റെ വാര്‍ത്താക്കുറിപ്പ്
കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് നരഹത്യ നടത്തിയിരിക്കുകയാണ്.
വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.