വരുന്നു മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫിന് നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്‌ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള്‍ പോലീസ് ആലോചിക്കുന്നത്.
സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പോലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്. ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ. 12 മണി കഴിഞ്ഞാല്‍ ആളുകള്‍ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പോലീസിന്റെ നിര്‍ദേശം. ഇതോടൊപ്പം ഇവിടെ പോലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്. നൈറ്റ് ലൈഫ് എന്ന് പറയുന്നത് ഷോപ്പിംഗ്, എന്റര്‍ടൈന്‍മെന്റ്, ഡൈനിംഗ് എന്നിവയൊക്കെയാണ്. സ്ത്രീകള്‍, കുടുംബങ്ങള്‍, പ്രായമായവര്‍, കുട്ടികള്‍, യുവാക്കള്‍ എല്ലാവരും ഇവിടെ വരണം. ഒരാളുടെ ആഘോഷം മറ്റുള്ളവര്‍ക്ക് ശല്യമാകാന്‍ പാടില്ല. എല്ലാം സ്വതന്ത്ര്യമായ എന്റര്‍ടെയിന്‍മെന്റ് അല്ല. റോഡില്‍ പോയി എന്തും ചെയ്യാനാകില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.
Also Read; ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കഴിഞ്ഞ ദിവസം മദ്യപ സംഘമാണ് പോലീസിനെ ആക്രമിച്ചത്. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിച്ചാല്‍ പോലീസിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടി വരും. ലഹരി ഉപയോഗം കണ്ടെത്താന്‍ മാനവീയത്ത് ഡ്രക് ഡിറ്റക്ഷന്‍ കിറ്റുകള്‍, ബ്രത്ത് അനാലിസര്‍ എന്നിവ നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അക്രമങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.