വായു മലിനീകരണത്തിനിടെ ഡല്‍ഹിയ്ക്ക് ആശ്വാസമായി നേരിയ മഴ: കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു നിലവാരം ഗുരുതരമായി തുടരുന്നതിനിടെ ആശ്വാസമായി നേരിയമഴ. ഇന്ന് പുലര്‍ച്ചെ പെയ്ത ചെറിയ മഴയ്ക്ക് ശേഷം വിഷ മൂടല്‍മഞ്ഞ് നീങ്ങിയപ്പോഴും ന്യൂഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ദീപാവലിക്ക് മുന്നോടിയായി മലിനീകരണം കുറയുമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ പ്രതീക്ഷ.
ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുമായി ഡല്‍ഹി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയ്ക്കാണ് ആശ്വാസമായി മഴ പെയ്തത്.
വായുമലിനീകരണം നിയന്ത്രണാതീതമായതോടെയാണ് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കുക എന്ന ആലോചനയിലേക്ക് സര്‍ക്കാര്‍ കടന്നത്. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, ധനമന്ത്രി അതിഷി എന്നിവര്‍ ഐഐടി സംഘവുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. കൃത്രിമ മഴ പെയ്യിച്ച് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതില്‍ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗവണ്‍മെന്റിന്റെ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് ഏജന്‍സിയായ SAFAR ന്റെ കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ 7 മണിക്ക് ഡല്‍ഹിയിലെ മൊത്തം വായു ഗുണനിലവാരം 407 ആയിരുന്നു.
Also Read; പെണ്‍കുട്ടിയുടെ വേദന മനസിലാക്കണം’; ദിലീപിന്റെ വാദം തള്ളി ഹൈക്കോടതി
അശോക് വിഹാര്‍ (443), ആനന്ദ് വിഹാര്‍ (436), ബവാന (433), രോഹിണി (429), പഞ്ചാബി ബാഗ് (422) എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങള്‍. നോയിഡയിലും ഗുരുഗ്രാമിലും മറ്റ് സമീപ നഗരങ്ങളിലും സ്ഥിതി മെച്ചമല്ല. ഇന്ന് രാവിലെ നോയിഡയുടെ ശരാശരി AQI 475, ഫരീദാബാദ് 459, ഗുരുഗ്രാം 386, ഗാസിയാബാദ് (325) എന്നിങ്ങനെയാണ്.





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































