ജനങ്ങള്‍ക്ക് വേണ്ടിയാണ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും സുരേഷ് ഗോപി
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും. യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷം ഏതുപാര്‍ട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാന സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ പണം എടുത്ത് ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കിയാല്‍ മതിയായിരുന്നു അവരുടെ പ്രാര്‍ത്ഥനയെങ്കിലും ഉണ്ടാവുമായിരുന്നു. ഇത് പാര്‍ട്ടിയെ കനപ്പിക്കാനും പാര്‍ട്ടിയിലെ വ്യക്തികളെയാക്കെ കനപ്പിക്കാനുമുള്ള ധൂര്‍ത്താണ് നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ. അവരെ ജനങ്ങള്‍ പിന്തുണയ്ക്കണം. നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ അടിയുണ്ടാക്കിയതും വാഹനത്തിന് മുന്നില്‍ ചാടിയതും. ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും ഞാന്‍ ദൂരം കല്‍പ്പിക്കുക. ജനകീയ സമരങ്ങള്‍ ശക്തിപ്രാപിക്കേണ്ട സമയം അതിക്രമിച്ചു.’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.