വീഡിയോ കോളില്‍ അമ്മയെ കണ്ടതും നിറചിരിയോടെ അബിഗേല്‍

കൊല്ലം: അബിഗേലിന്റെ വീട്ടില്‍ ഇപ്പോള്‍ ആശ്വാസത്തിന്റെ അന്തരീക്ഷമാണ്. അല്‍പ്പസമയത്തിന് മുമ്പാണ് അബിഗേലുമായി അമ്മ സിമി വീഡിയോ കോളിലൂടെ സംസാരിച്ചത്. ആദ്യം വിഷമിച്ചിരുന്ന കുട്ടി അമ്മയെ കണ്ടതോടെ ചിരിച്ചു. അബിഗേലിന്റെ സഹോദരന്‍ ജോനാഥന്റെ മുഖത്തും വലിയ ആശ്വാസത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. കുട്ടിയുടെ സന്തോഷം കണ്ടതോടെ സിമി ഫോണ്‍ ഉയര്‍ത്തി വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കാണിച്ചുകൊടുത്തു. വീടിന് പുറത്ത് അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.
കൊല്ലം ആശ്രാമം മൈതനത്താണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അബിഗേലിനെ ആദ്യം കണ്ടത്. അപ്പോള്‍ ഒപ്പമൊരു സ്ത്രീ ഉണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പണം ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളിലും രേഖാചിത്രത്തിലും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തിയിരുന്നു.
കുട്ടിയെ കൊല്ലത്ത് നിന്ന് കാണാതായതിന് പിന്നാലെ തന്നെ പോലീസ് കൊല്ലം-തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയെങ്കിലും കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
Also Read; സില്‍ക്യാര ടണല്‍ തുരന്നു, നാല് തൊഴിലാളികളെ പുറത്തെത്തിച്ചു
പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് മുന്നോടിയായി ഇയാളെയും തിരിച്ചറിയേണ്ടതുണ്ട്.