മാലിന്യമുക്തം നവകേരളം: സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിക്കും. 2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുക. ഞായറാഴ്ച സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി നാടാകെ ശുചീകരണം നടത്തിയിരുന്നു. ഗാന്ധിജയന്തി ദിനമായി ഇന്ന് 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഓരോ വാര്‍ഡില്‍നിന്നും കുറഞ്ഞത് 200 പേരെങ്കിലും പങ്കെടുക്കുന്ന ശുചീകരണ യജ്ഞത്തില്‍ നഗരപ്രദേശങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും 100 ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10 വരെ നടക്കും. വ്യാപാര-സ്വകാര്യ സ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതിനും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടക്കും. മാലിന്യക്കൂനകളുടെ സമ്പൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യല്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്‌കരണ രംഗത്തെ വിടവ് വിലയിരുത്തല്‍, ചിക്കന്‍ കട്ടിങ് കേന്ദ്രങ്ങള്‍ 100 ശതമാനം ചിക്കന്‍ റെന്‍ഡറിങ് ഏജന്‍സികളുമായി കരാര്‍ വച്ചുവെന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയും ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































