കൗമാര കായിക മാമാങ്കത്തിനൊരുങ്ങി കുന്നംകുളം സിന്തറ്റിക് ട്രാക്ക്
ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന 65-ാം മത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് തയ്യാറായിരിക്കുകയാണ്. ജൂനിയര്‍, സീനിയര്‍ (ആണ്/പെണ്) എന്നീ ആറു വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുകയ്ക്കുക.
98 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതില്‍ 88 വ്യക്തിഗത മത്സരങ്ങളും പത്ത് റിലേ മത്സരങ്ങളും ഉള്‍പ്പെടും. 17 ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ട്രാക്കിലെ കൊടും ചൂടിനെ അകറ്റാന്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പകലും രാത്രിയുമായി മത്സരങ്ങള്‍ നടക്കും. രാവിലെ 7 മണി മുതല്‍ 11 വരെയും വൈകീട്ട് 3.30 മുതല്‍ രാത്രി 8 മണി വരെയുമാണ് മത്സരങ്ങള്‍ .
കായിക പ്രതിഭകള്‍ക്ക് കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം ഇന്റോര്‍ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ ഗെയ്റ്റിലൂടെ മത്സര സ്ഥലത്തേക്ക് പ്രവേശിക്കാം.
ഇതിനായി നാല് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രാക്കിനകത്തേക്ക് ഒഫിഷ്യല്‍സിനും അത് ലറ്റ്സിനും മാത്രമേ പ്രവേശം അനുവദിക്കൂ.മത്സരങ്ങള്‍ കാണുന്നതിന് 5000 ത്തോളം പേര്‍ക്കിരിക്കാവുന്ന വിശാലമായ ഗ്യാലറിയും ഇവിടെ തയ്യാറാണ്.
സിന്തറ്റിക് ട്രാക്കിന്റെ ഗ്രൗണ്ടിന് മുന്‍വശത്ത് നൂറിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇന്റോര്‍ സ്റ്റേഡിയത്തിനു സമീപത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
Also Read; വന്ദേഭാരതിന് സമാനമായി നോണ്‍ എസി ട്രെയിനുകള്‍ വരുന്നു
ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന ആദ്യ സംസ്ഥാന സ്കൂള്‍ കായികോത്സവം എന്ന പ്രത്യേകതയും ഇത്തവണത്തെ കായികോത്സവത്തിനുണ്ട്. ഒക്ടോബര്‍ 16 മുതല്‍ 20 വരെയാണ് സംസ്ഥാന സ്കൂള്‍ കായികോത്സവം.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































