കേദാര്‍നാഥില്‍ കണ്ടുമുട്ടി രാഹുല്‍ ഗാന്ധിയും വരുണ്‍ ഗാന്ധിയും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബന്ധുവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയും കേദാര്‍നാഥ് ക്ഷേത്രത്തില്‍ വെച്ച് ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രാര്‍ത്ഥനയും നടത്തി. രാഹുല്‍ ഗാന്ധി- വരുണ്‍ ഗാന്ധി കൂടിക്കാഴ്ച ചില രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
സഞ്ജയ് ഗാന്ധിയുടെയും മേനക ഗാന്ധിയുടെയും മകനായ വരുണ്‍ ഗാന്ധിയെ കുറച്ചു നാളുകളായി ബി.ജെ.പിയുടെ പ്രധാനപ്പെട്ട യോഗങ്ങളില്‍ കണ്ടിരുന്നില്ല, ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി കൊമ്പുകോര്‍ക്കുന്നതായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയമായി ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന്, കോണ്‍ഗ്രസ് എതിര്‍ക്കുന്ന ബിജെപി/ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് വരുണ്‍ സ്വീകരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലായിരുന്നു, വരുണ്‍ ഗാന്ധി ചൊവ്വാഴ്ച കുടുംബത്തോടൊപ്പമാണ് ശിവക്ഷേത്രം സന്ദര്‍ശിച്ചത്.