November 21, 2024
#Top Four

അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പ്രത്യേക പോക്സോ കോടതി. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തില്‍ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.

പ്രോസിക്യൂഷനും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനിടെ പ്രതിയുടെ മാനസാന്തര സാധ്യതയും കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ക്രൂരകൃത്യത്തില്‍ പ്രതിക്ക് മനസ്ഥാപം ഇല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നേരത്തെ ഡല്‍ഹിയിലും പ്രതിസമാനമായ കുറ്റകൃത്യം നടത്തിയിരുന്നു എന്നതും കോടതി പരിഗണിച്ചു.

ജൂലൈ 30ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്. കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ 42 സാക്ഷികളെ വിസ്തരിച്ചു. നവംബര്‍ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 13 വകുപ്പുകളിലാണ് പ്രതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതില്‍ നാല് വകുപ്പുകള്‍ വധശിക്ഷ വിധിക്കാന്‍ തക്ക ഗൗരവമുള്ളവയായിരുന്നു.

Also Read; ഏകാദശിക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം

ജൂലൈ 27നാണ് അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *