സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!
മുസ്ലീം ലീഗിനെ അടുപ്പിക്കാന്‍ സി പി എമ്മിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍, മുസ്ലീം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക് മാറുന്നു. സമസ്തയുടെ പണ്ഡിതന്‍മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. സത്താര്‍ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം ലീഗിലും ഈ പ്രസ്താവന ഗൗരവമായ ചര്‍ച്ചയായിട്ടുണ്ട്.
Also Read ; ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു
എസ് കെ എസ് എസ് എഫിന്റെ മുപ്പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ് കെ എസ് എസ് എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാരെയോ അതിന്റെ ഉസ്താദുമാരെയോ ആരെങ്കിലും വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും വന്നാല്‍ ആ കൈവെട്ടാന്‍ എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തകരുണ്ടാകുമെന്നാണ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഉലമാക്കളെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് എക്കാലവും ഈ സംഘടന മുന്നോട്ട് പോയിട്ടുള്ളത്. സമസ്തയോടല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വിട്ടുവീഴ്ചക്കില്ല. കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണിതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ പേരെടുത്ത് പറയാതെ സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചതും രാഷ്ട്രീയ കേരളം ശ്രദ്ധിച്ചു. തലയിരിക്കുമ്പോള്‍ വാലാടേണ്ട എന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് മലപ്പുറത്തെ പ്രസംഗത്തില്‍ സത്താര്‍ പന്തല്ലൂര്‍ നല്‍കിയത്. സമുദായത്തെ വഴിതെറ്റിക്കാന്‍ പലരും കടന്നുവരുമ്പോള്‍ എസ് കെ എസ് എസ് എഫ് ഇടപെട്ടു. എന്നാല്‍, വിഷയങ്ങളില്‍ എസ് കെ എസ് എസ് എഫ് ഇടപെടേണ്ടതില്ല, തലയുള്ളപ്പോള്‍ വാല്‍ ഇടപെടേണ്ട കാര്യമെന്ത് എന്നെല്ലാം പറഞ്ഞ് മോശമായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി. അന്തിമ വിജയം എസ് കെ എസ് എസ് എഫിന് ആയിരിക്കുമെന്ന് ഓര്‍ത്തുകൊളളൂവെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത് മുസ്ലീം ലീഗിനുള്ള താക്കീതായി.
സമസ്ത എന്ന പ്രസ്ഥാനം ഏറെ വളര്‍ന്നു കഴിഞ്ഞു. പണ്ട് പഞ്ചായത്ത് മെമ്പര്‍ക്ക് പോലും സമസ്തയുടെ ഓഫീസിലേക്ക് വരാന്‍ നേരമില്ലായിരുന്നു. ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമസ്തയുടെ ഓഫീസിലേക്ക് വരാന്‍ സമയം ആവശ്യപ്പെടുകയാണെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































