കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിന്റെ ചിന്തയാണ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിര്‍ദ്ദേശിച്ചത്. ടി എന്‍ പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. മുരളീധരന്‍ തശൂരെത്തുന്നതിനാല്‍ വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകും. കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും.
Also Read;തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി
പത്മജ വേണുഗോപാല്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി കരുണാകരന്റെ തട്ടകത്തില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോണ്‍ഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മുരളി ഒഴിയുന്ന വടകരയില്‍ കെ കെ ശൈലജയെ നേരിടാന്‍ ഷാഫി പറമ്പിലിനെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് ഷാഫി പറമ്പില്‍ എംഎല്‍എയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരും. കണ്ണൂരില്‍ കെ സുധാകരന്‍ വീണ്ടും മത്സരിക്കും. ഈഴവ-മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയില്‍ കെ സി വേണുഗോപാലെത്തും. ബാക്കി സിറ്റിംഗ് എംപിമാര്‍ എല്ലാവരും തുടരും.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































