January 22, 2025
#kerala #Top News

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു മര്‍ദിച്ചു

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മര്‍ദിച്ചു. ഹൃദ്രോഗിയായ കരുവന്നൂര്‍ എട്ടുമന മുറ്റിച്ചൂര്‍ പവിത്രനാണ്(68) ബസ് കണ്ടക്ടറില്‍ നിന്നും മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രന്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം നടന്നത്. തുടര്‍ന്ന് തൃശൂര്‍കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷിനെ ബസ് സഹിതം ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read ; പവന് 600 രൂപ വര്‍ധിച്ചു, സ്വര്‍ണ്ണവിലയില്‍ റെക്കോഡ് കുതിപ്പ്

തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനുവേണ്ടി കരുവന്നൂര്‍ രാജ സ്റ്റോപ്പില്‍ നിന്നുമാണ് പവിത്രന്‍ ബസില്‍ കയറിയത്. 10 രൂപ നല്‍കിയപ്പോള്‍ ടിക്കറ്റ് 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യില്‍ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നല്‍കിയതാണു കണ്ടക്ടറെ പ്രകോപിതനാക്കിയത്. പിന്നീടു ബാക്കി നല്‍കിയ തുകയില്‍ കുറവു കണ്ട് അത് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.

കണ്ടക്ടറുടെ ക്രൂരതയില്‍ പവിത്രന്റെ കഴുത്തിലെ എല്ലു പൊട്ടിയതായും തലയില്‍ ആറു തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇറങ്ങേണ്ടിടത്തു നിര്‍ത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍ കണ്ടക്ടര്‍ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നും അതിനാല്‍ റോഡില്‍ തലയിടിച്ചാണു വീണതെന്നും പിന്നാലെ പുറത്തിറങ്ങിയ കണ്ടക്ടര്‍ തല പിടിച്ചു കല്ലില്‍ ഇടിക്കുകയും മര്‍ദനം തുടരുകയും ചെയ്തതായും സഹയാത്രികര്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു കണ്ടക്ടറെ പിടിച്ചുമാറ്റുകയും ബസ് തടഞ്ഞിടുകയും ചെയ്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *