ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാന മന്ത്രി; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രം സമയോജിതമായി ഇടപ്പെട്ടുവെന്ന് അവകാശവാദം
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം അവശേഷിക്കെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. കലാപത്തില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് നരേന്ദ്ര മോദിയുടെ വാദം.
മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി ഇടപ്പെട്ടുവെന്നും മോദി പ്രതികരിച്ചു. സര്‍ക്കാരിന്റെ സമയോജിത ഇടപെടലുകൊണ്ടാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതെന്നും മോദി പറഞ്ഞു. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടലാണെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
Also Read ; ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും മണിപ്പൂരില്‍ തുടരുന്നുണ്ടെന്നും മോദി വ്യക്തമാക്കി. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മോദി വാ തോരാതെ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.
Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മണിപ്പൂര്‍ കലാപം അതിരൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതാദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































