മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയുന്നത്.
ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ ഡി നടപടിയെന്നുമാണ് കെജ്‌രിവാളിന്റെ വാദം.എന്നാല്‍ മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്രിവാളിന്റെ അറിവോടെയാണെന്നാണ് ഇ ഡിയുടെ നിലപാട്.
മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്.തുടര്‍ന്ന് ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുമ്പോഴാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നടപടി. മാപ്പ് സാക്ഷിയായി മാറിയ ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്യും മുമ്പുള്ള 11 മൊഴികളില്‍ ഇല്ലാതിരുന്ന കെജ്രിവാളിന്റെ പേര് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം മൊഴിയായി ലഭിച്ചിരുന്നു.എന്നാല്‍ ദുര്‍ബലമായ ഈ മൊഴി അറസ്റ്റിന് മതിയായ കാരണമല്ലെന്നും, മുഖ്യമന്ത്രിയുടെ പങ്ക് കണ്ടെത്താനാണ് അറസ്റ്റ് എന്ന ഇ ഡിയുടെ വിശദീകരണം നിയമപരമല്ലെന്നുമാണ് കെജ്രിവാളിന്റെ വാദം.
Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ കെജ്രിവാളിനെതിരെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്‍ജിയെ ഇ ഡി എതിര്‍ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല്‍ തെരഞ്ഞെടുപ്പായതിനാല്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സാധാരണക്കാരന്‍ ജയിലില്‍ പോകട്ടെ, മുഖ്യമന്ത്രി പോകരുതെന്ന് പറയാന്‍ നിയമമില്ലെന്നുമാണ് ഇ ഡിയുടെ വാദം. പണം കണ്ടെത്തിയില്ലെന്ന് കരുതി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നില്ലെന്ന് പറയാനാകില്ല. ഇതിന് ഹവാല ഇടപാട് നടന്നുവെന്ന മൊഴികള്‍ ധാരാളമാണെന്നും ഹര്‍ജിയെ എതിര്‍ത്ത് ഇ ഡി വാദിച്ചു. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ കേസിലെ മറ്റൊരു പ്രതിയായ ബിആര്‍എസ് നേതാവ് കെ കവിതയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടക്കാല ജാമ്യം തേടിയുള്ള കവിതയുടെ ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































