ചലച്ചിത്രനടി കനകലത അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1964-ല്‍ കൊല്ലം ജില്ലയില്‍ പരമേശ്വരന്‍ പിള്ള – ചിന്നമ്മ ദമ്പതികളുടെ മകളായാണ് കനകലതയുടെ ജനനം. കൊല്ലം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലായിരുന്നു കനകലതയുടെ വിദ്യാഭ്യാസം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കനകലത സിനിമയിലേക്ക് പ്രവേശിക്കുന്നത്. പി എ ബക്കര്‍ സംവിധാനം ചെയ്ത ഉണര്‍ത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാല്‍ ആ സിനിമ റിലീസായില്ല. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ ചില്ലിലൂടെയാണ് നടി സിനിമയില്‍ സജീവമാകുന്നത്.
രാജാവിന്റെ മകന്‍, കിരീടം, അപ്പു, ഇന്‍സ്പെക്ടര്‍ ബല്‍റാം, കൗരവര്‍, മാനത്തെ കൊട്ടാരം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, പ്രിയം തുടങ്ങി മുന്നൂറോളം സിനിമകളില്‍ കനകലത അഭിനയിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും കനകലത സജീവമായിരുന്നു. സിനിമ-സീരിയല്‍ താരങ്ങളുള്‍പ്പെട്ട ഹലോ മലയാളി എന്നൊരു ട്രൂപ്പും കനകലത നടത്തിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































