2025 തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന; തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വാര്‍ഡ് വര്‍ധിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാര്‍ഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തില്‍ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓണ്‍ലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 പേര്‍ക്ക് ഒരുവാര്‍ഡ് എന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം. നിലവില്‍ ചെറിയ ഗ്രാമപ്പഞ്ചായത്തുകളില്‍ ചുരുങ്ങിയത് 13 വാര്‍ഡും വലിയ പഞ്ചായത്തുകളില്‍ 23 വാര്‍ഡുകളുമാണുള്ളത്. പുനര്‍നിര്‍ണയിക്കുന്നതോടെ 14 മുതല്‍ 24 വരെയായി ഉയരും.
സംസ്ഥാനത്താകെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളുണ്ട്. 87 മുനിസിപ്പാലിറ്റികളിലായി 3078 വാര്‍ഡുകളും ആറു കോര്‍പ്പറേഷനുകളിലായി 414 വാര്‍ഡുകളുമുണ്ട്. നിലവില്‍ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാര്‍ഡ് വിഭജനത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1200 തദ്ദേശ പ്രതിനിധികള്‍കൂടി അധികമായി വരും.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































