പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ അവരുടെ കസ്റ്റഡിയിലെന്ന് യുവതിയുടെ അച്ഛന്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ മകള്‍ അവരുടെ കസ്റ്റഡിയിലെന്ന് യുവതിയുടെ അച്ഛന്. മകള്‍ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്നും അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നു. ഞായറും തിങ്കളും മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഓഫീസിലേക്ക് വിളിച്ചു. അപ്പോഴാണ് ഓഫീസിലേക്ക് ചെന്നിട്ടില്ലെന്ന് അറിഞ്ഞതെന്നും അച്ഛന് പറഞ്ഞു.
മകളെ അവര്‍ സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകള്‍ അവരുടെ കസ്റ്റഡിയിലാണ്. അവള്‍ക്ക് മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മര്‍ദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോള്‍ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകള്‍ തിരുത്തി പറഞ്ഞത് സമ്മര്‍ദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മകള്‍ നഷ്ടപ്പെടാന്‍ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞുവെന്നും അച്ഛന് പ്രതികരിച്ചു.
കൂടാതെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലവും പരാതിക്കാരി ഒപ്പിട്ട് നല്‍കിയിരിക്കുകയാണ്. അതിനാല്‍ തുടര്‍നടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നത്.
Also Read; മോദി 3.0 ; പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും
അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കും. അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നല്‍കുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































