വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദത്തില്‍ സ്ഥലം അളന്ന് പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയര്‍ന്ന കൊടുമണ്‍ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായി.
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ കൊടുമണ്‍ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈന്‍മെന്റില്‍ തര്‍ക്കമുണ്ടായത്. സ്വന്തം കെട്ടിടത്തിന് മുന്നിലെത്തിയപ്പോള്‍ മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവായ ജോര്‍ജ്ജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതിമാറ്റിയെന്നാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും ആരോപിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തുടര്‍ന്ന് നിര്‍മ്മാണവും തടഞ്ഞതോടെ കെആര്‍എഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ശേഷം കളക്ടര്‍ സ്ഥലം അളക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊടുമണ്‍ സ്റ്റേഡിയം ഭാഗത്ത് റോഡിന്റെ ഇരുവശമുള്ള ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കും. മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന്റെ മുന്‍വശത്തിന് പുറമെ, പുറംമ്പോക്ക് കയ്യേറിയെന്ന് പരാതി വന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസടക്കം എല്ലാം അളന്നു പരിശോധിക്കാനാണ് കളക്ടറുടെ തീരുമാനം. അതേസമയം ഓടയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ്.
Also Read; പന്തീരാങ്കാവ് കേസ് ; വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് മൊഴി നല്‍കി യുവതി





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































