പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവ്യ ; തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ
കണ്ണൂര്‍: തനിക്കെതിരെ പാര്‍ട്ടി കൈക്കൊണ്ട നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ. താന്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പാര്‍ട്ടി നടപടി വേണ്ടിയിരുന്നില്ലായെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ദിവ്യയെ ഫോണില്‍ ബന്ധപ്പെട്ട നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Also Read; ചാറ്റ്ജിപിടി അരമണിക്കൂര്‍ പണി മുടക്കി ; പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റില്‍ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ പാര്‍ട്ടി തരംതാഴ്ത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു ജയില്‍ മോചിതയായതിനുശേഷം പിപി ദിവ്യയുടെ ആദ്യപ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്ന് ആവര്‍ത്തിച്ച ദിവ്യ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. 11 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിവ്യ ജയില്‍ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..