#news #Top Four

കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം; ലക്ഷ്യം പിണറായി 3.0

കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് കാസര്‍കോട് തുടക്കമായത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാസര്‍കോട് തീരുമാനിച്ചതിന് പിന്നില്‍ ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പാത വികസനമടക്കം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

കാസര്‍കോടിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യ സര്‍ക്കാരിന് നേതൃത്വം നല്‍കിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണില്‍ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

2016ല്‍ തകര്‍ന്നടിഞ്ഞുകിടന്നിരുന്ന ഒരു നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ ഏല്‍പ്പിച്ചത്. അത് ഈ നാടിനെ കാലോചിതമായി മാറ്റിതീര്‍ക്കണമെന്നും മറ്റു പ്രദേശങ്ങളില്‍ ലഭിക്കുന്ന വികസനം ഇവിടെയും വേണെന്നും ആഗ്രഹിച്ചാണ് ജനങ്ങള്‍ ഭരണം നല്‍കിയത്. ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഏല്‍പ്പിച്ചത്. ആ ദൗത്യം നിറവേറ്റാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്.

ഒട്ടെറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകര്‍ച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു. എന്നാല്‍, അങ്ങനെ സംഭവിക്കാതെ നാം അതിജീവിച്ചു. നിപയും ഓഖിയും 2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതിയുമെല്ലാം അതിജീവിച്ചുവരുന്നതിനിടെയാണ് കൊവിഡ് ആക്രമണം ഉണ്ടാകുന്നതെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത നിര്‍മാണം ഇപ്പോള്‍ പൂര്‍ത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാല്‍ യാത്ര കൂടുതല്‍ സുഗമമാകും. 2016ലെ സര്‍ക്കാര്‍ തന്നെ 2021ല്‍ തുടര്‍ന്നതിനാലാണ് ഇന്ന് ദേശീയ പാത വികസനം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലഭിക്കുന്ന സഹായം തന്നെ തടയുന്ന നിലയുണ്ടായി. കേരളം തകരട്ടെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചെങ്കിലും രാജ്യത്തിന് മുന്നില്‍ നമ്പര്‍ വണ്‍ എന്ന അവാര്‍ഡുകള്‍ കേന്ദ്രത്തിന് തന്നെ നല്‍കേണ്ടി വന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തോട് ഒപ്പം ചേര്‍ന്ന് ഇടത് വിരുദ്ധ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

Leave a comment

Your email address will not be published. Required fields are marked *