രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാന്‍ നീക്കവുമായി ഷാഫി; രഹസ്യയോഗം ചേര്‍ന്നു
പാലക്കാട്: കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ വീണ്ടും എത്തിക്കാന്‍ എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ലൈംഗികാരോപണം ഉയര്‍ന്നതിനുശേഷം ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലമായ പാലക്കാട് എത്തിയിട്ടില്ല. സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്.
Also Read: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഹൈക്കോടതി
ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ യോഗം ചേര്‍ന്നത്. ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിപാടികളിലും നഗരസഭ പരിപാടികളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതിനാല്‍ കോണ്‍ഗ്രസ് പരിപാടികളിലും രാഹുലിന് ഇടമുണ്ടാകില്ല. ആ സാഹചര്യത്തില്‍ എങ്ങനെ സുരക്ഷിതമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ മണ്ഡലത്തില്‍ സജീവമാക്കാം എന്നതാണ് ചര്‍ച്ച ചെയ്തതെന്നാണ് സൂചന. വിവിധ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാനാണ് നീക്കം.





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































