സര്‍ക്കാര്‍ – രാജ്ഭവന് പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ – രാജ്ഭവന് പോര് തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് ക്ഷണമില്ല. സാധാരണഗതിയില്‍ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുക ഗവര്‍ണറായിരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര കാണും ഇതാണ് രീതി.
എന്നാല്‍ ഗവര്‍ണര്‍ക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവന്‍കുട്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സര്‍ക്കാരുമായി നല്ല ബന്ധത്തിലല്ല. ഗവര്‍ണര്‍ ആയി ചുമതലയേറ്റ സമയത്ത് നല്ല ബന്ധമായിരുന്നെങ്കിലും ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകി.
വിസി നിയമനവുമായി ബന്ധപ്പെട്ട് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ച നിലപാട് തന്നെയാണ് ആര്‍ലേക്കറും സ്വീകരിച്ചത്. ഇതും മറ്റൊരു കാരണമാണ്. 2022 ല്‍ നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. സര്‍വകലാശാല വിസി നിയമന വിഷയത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളുടെ പേരിലായിരുന്നു സര്‍ക്കാര്‍ ഓണാഘോഷ പരിപാടിയില്‍ നിന്ന് ബഹിഷ്കരണം ഏര്‍പ്പെടുത്തിയിരുന്നത്.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































