കുഴിമന്തി കഴിച്ച് യുവതി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് 56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ച് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും കൈപ്പമംഗലം പോലീസ് അറിയിച്ചു. മരണം നടന്നതിന് പിന്നാലെ സെയിന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരായ റഫീഖ്, അസ്ഫര്‍ എന്നിവര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച വൈകീട്ട് ഹോട്ടലില്‍ വിളമ്പിയ കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. സംഭവത്തില്‍ വിവിധ ആശുപത്രികളിലായി 180 പേര് ചികിത്സയിലാണ്. കുഴിമന്തി കഴിച്ച് അവശനിലയിലായ പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. പനിയും ഛര്‍ദിയും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭക്ഷ്യ വിഷബാധയേറ്റത് മയോണൈസില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചിരിക്കുകയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..