പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും വന്‍ പ്രതിഷേധം ; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും പ്രതിഷേധം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവര്‍ത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാര്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
Also Read ; സ്ത്രീയെ പിടിച്ചുവെച്ച് കൂട്ടമര്‍ദനം ; വീഡിയോ പുറത്ത് , മുഖ്യപ്രതി അറസ്റ്റില്‍
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ വാഹനങ്ങല്‍ തടഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ശാന്തമായ അന്തരീഷത്തില്‍ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് തയ്യാറാണ്. കണക്കുകള്‍ വെച്ച് ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
മലപ്പുറത്തെ ആകെ ഒഴിവുകള്‍ 21,550 ആണ്. 11,083 അണ് എയ്ഡഡ് സീറ്റുകള്‍ ഒഴിവുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2954 സീറ്റുകള്‍ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോള്‍ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അലോട്ട്മെന്റുകള്‍ കഴിഞ്ഞു. ജൂണ്‍ 24-ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. രണ്ട് അലോട്ട്മെന്റുകള്‍ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റില്‍ 2,68,192 പേര്‍ക്ക് അഡ്മിഷന് നല്കി. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ 4336, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രി പറയുന്ന കണക്കുകള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കുന്നതുവരെ സമര രംഗത്തുണ്ടാകും. മന്ത്രിയെ തെരുവില്‍ ഇറക്കാനാകാത്ത വിധം പ്രതിരോധത്തിലാക്കുമെന്നും അലോഷ്യസ് പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































