അര്‍ജുനെ കാത്ത് നാട്….തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്…
ബെംഗളൂരു: അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്. ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ലോറി കരയില്‍ തന്നെ ഉണ്ടാകുമെന്നാണ് രക്ഷാപ്രവര്ത്തകന് രഞ്ജിത് ഇസ്രായേലിന്റെ അനുമാനം. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാര്‍ സംവിധാനം എത്താത്ത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി.
Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി
അതേസമയം വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ കരയിലേതു പോലെ അവിടെയും തിരയണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയെങ്കിലും തിരച്ചിലിന് വേഗം കൂട്ടണമെന്നും വീഴ്ച കുറക്കണമെന്നുമാണ് ഇവരുടെ അപേക്ഷ. അര്‍ജുനെ കണ്ടെത്താതെ ഷിരൂരില്‍ ഉള്ള ബന്ധുക്കള്‍ മടങ്ങി വരില്ല. കാത്തിരിക്കാനെ തങ്ങള്‍ക്ക് ഇപ്പോള്‍ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു.

രക്ഷാദൗത്യത്തിനായി ഇന്നലെ സൈന്യമെത്തിയിരുന്നു. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂര്‍ത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേ സമയം, അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































