പി സരിനെതിരെ നടപടിയുണ്ടാകുമോ? പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച പി. സരിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും.
‘നടപടിയെക്കുറിച്ച് പറയേണ്ട സമയമല്ല. പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ വെല്ലുവിളിയാണെങ്കില്‍ മുട്ടുമടക്കാന്‍ പറ്റില്ല. സരിന്റെ മുന്നോട്ടുള്ള നടപടിയാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. വ്യത്യസ്ത അഭിപ്രായം പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി. തെറ്റ് ആവര്‍ത്തിച്ചാല്‍ എന്തുവേണമെന്ന് പിന്നീട് ആലോചിക്കുമെന്നും’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Also Read; ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ ഡി എഫ് തന്നെ ജയിക്കും – കെ രാധാകൃഷ്ണന്‍
അതേസമയം സരിനെതിരെ നടപടിയുണ്ടാവുമോ എന്നു പറയേണ്ടത് താനല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സരിന്‍ എന്നോടും വന്ന് സംസാരിച്ചതാണ്. അതുപോലെ രണ്ടുമൂന്നാളുകള്‍ സീറ്റിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസ്സിന്റെ പൊതുസമീപനം. എഐസിസി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്കൊന്നും സ്ഥാനമില്ല. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. പി.സരിനെതിരായി നടപടിയുണ്ടാവുമോ എന്നുപറയേണ്ടത് ഞാനല്ല’- രമേശ് ചെന്നിത്തല പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































