December 26, 2024
#kerala #Top Four

കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികള്‍ ; വയനാട്ടില്‍ പ്രിയങ്കയ്‌ക്കൊപ്പം രാഹുലും, ചേലക്കരയിലും അവസാനമണിക്കൂറില്‍ വാശിയേറിയ പ്രചാരണം

വയനാട്/തൃശൂര്‍: വയനാട് ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുക.

Also Read ; വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി

അതേസമയം ഐലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്‌ഷോകളില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശം.

ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ റോഡ് ഷോയില്‍ കെ രാധാകൃഷ്ണന്‍ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ,വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.ബിജെപിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകീട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.

 

Leave a comment

Your email address will not be published. Required fields are marked *