കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സണ്ണി ജോസഫ്
കോട്ടയം: മെഡിക്കല്‍ കോളേജ് അപകടത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജിനെതിരെയും വി എന്‍ വാസവനെതിരെയും രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്ത് വന്നു. ഇരുവരും ദുരന്തത്തെ ലഘൂകരിക്കാനും വൈറ്റ്വാഷ് ചെയ്യാനാണ് ശ്രമിച്ചതെന്നും അതല്ലാതെ തക്ക സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ബിന്ദു മരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് കൊലപാതകം തന്നെയാണെന്നും ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സംഭവത്തെ ന്യായീകരിക്കാനുള്ള അതിയായ വ്യഗ്രതയിലാണ് ഈ അബദ്ധം സംഭവിച്ചതെന്നും അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യരംഗത്തിന്റെ തകര്‍ച്ച ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യാഥാര്‍ത്ഥ്യം രൂക്ഷമാണെന്ന് ഓരോ ദിവസത്തെയും സംഭവങ്ങള്‍ തെളിയിക്കുകയാണ്. ഇവിടെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചേരാറുണ്ടായിരുന്നില്ല. പുതിയ കെട്ടിടം പണി കഴിഞ്ഞിരുന്നെങ്കിലും ഉദ്ഘാടനം ചെയ്യാനായി മാറ്റിവെച്ചു. ബിന്ദുവിന്റെ കുടുബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, രക്ഷാപ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ബിന്ദുവിനെ ഒരുപക്ഷെ രക്ഷിക്കാന്‍ കഴിയുന്നുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിശ്രുതന്‍ രംഗത്തുവന്നിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടര്‍ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കള്‍ അറിയിച്ചുവെന്നും വിശ്രുതന്‍ പറഞ്ഞു.
ബിന്ദുവിന്റെ മൃതദേഹം നിലവില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അല്പസമയത്തിനുള്ളില് സംസ്കാരം നടക്കും. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ ബിന്ദു രാവിലെ കുളിക്കാനായാണ് തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































