കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. അല്ലാതെ കേന്ദ്രം അല്ല കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തില്‍ നിന്ന് 57800 കോടി രൂപ കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണെന്നും കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശന്‍ പറഞ്ഞു.
പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. പ്രതിപക്ഷം സര്‍ക്കാരിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്, കേരളത്തെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിക്കുന്നു.
Also Read; കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ പ്രതിഷേധം; കിട്ടാനുള്ള തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
പിണറായിക്കൊപ്പം വി മുരളീധരന്‍ രാത്രിയില്‍ ചര്‍ച്ച നടത്തുന്നു. പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരന്‍ മുരളീധരനാണെന്നും സുരേന്ദ്രന്റെ കള്ളപ്പണ കേസ് ഒത്തുതീര്‍ക്കുന്നത് മുരളീധരനാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എന്തിനാണ് എട്ട് മാസം അന്വേഷിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ല. എല്ലാം അഡ്ജസ്റ്റ്‌മെന്റ് ഒത്തുതീര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































