ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍
കണ്ണൂര്‍: പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പ്രദേശത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ട് തവണയാണ് ബൈക്കില്‍ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞത്. ഒരു ബോംബ് വീടിന് മുന്നിലെ മുറ്റത്തും മറ്റൊന്ന് റോഡില്‍ വീണുമാണ് പൊട്ടിയത്. വീടിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. കതിരൂര്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേരത്തെ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശങ്ങളിലൊന്നാണ് പത്തായക്കുന്ന്. ബിജെപിയുടെ സ്വാധീന പ്രദേശങ്ങളിലൊന്നാണിത്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെയുള്ള ബോംബേറ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































