ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘമെത്തും; ഇവിടം വാസയോഗ്യമാണോയെന്ന് പരിശോധിക്കും
കല്‍പറ്റ: ഉരുള്‍പൊട്ടിയ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ ഇന്ന് വിദഗ്ധസംഘത്തിന്റെ പരിശോധന. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്ന സംഘം ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദര്‍ശിക്കും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാനായി നിയോഗിച്ചിട്ടുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്നും തുടരും. കൂടാതെ പുഞ്ചിരിമട്ടം മുതല്‍ ചാലിയാര്‍ വരെയുള്ള പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേര്‍ന്നുള്ള പരിശോധന ഇന്നും തുടരും. ജനകീയ പങ്കാളിത്തത്തോടെയാണ് ചാലിയാറില്‍ ഇന്ന് തെരച്ചില്‍ നടത്തുന്നത്. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍പാറ വരെ വനത്തിനുള്ളില്‍ 15 പേര്‍ അടങ്ങുന്ന ഗ്രൂപ്പ് ആയി തെരച്ചില്‍ നടത്തും. ചാലിയാറിന്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചില്‍ നടത്തും.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































