ആംബുലന്‍സില്‍ നിയമവിരുദ്ധമായി യാത്രചെയ്‌തെന്ന പരാതി ; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂര്‍: തൃശൂര്‍ പൂര ദിവസം നിയമവിരുദ്ധമായി ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂര്‍ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. തൃശ്ശൂര്‍ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയില്‍ എത്തിയ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണര്‍ തൃശ്ശൂര്‍ ആര്‍ടിഒ എന്‍ഫോസ്‌മെന്റ് ഓഫീസറോഡാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
Also Read ; ‘വ്യാജന്‍മാര്‍ അറസ്റ്റില്‍’, കേരളാ പോലീസിന് അഭിനന്ദനങ്ങള്‍ : ലിസ്റ്റിന്‍ സ്റ്റീഫന്‍
തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ജോയിന്റ് ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..