നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗം ഇന്നലെ രാത്രി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
Also Read: അതിതീവ്രമഴ; 3 ജില്ലയില്‍ റെഡ് അലര്‍ട്ട്
4 വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: അയിഷ അബ്ദുല്‍ അസീസ്. മക്കള്‍: അജിത് ഖാന്, ഷമീര്‍ഖാന്‍. മരുമകള്‍: ഹന.
നടന് പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസിന്റെ ജനനം. 1981ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് പ്രവേശിച്ചത്. പിന്നീട് നായക വേഷങ്ങളിലും വില്ലന്‍ കഥാപാത്രങ്ങളായും മലയാള സിനിമയില്‍ തിളങ്ങി.
മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി 50തിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. കുറച്ച് നാളുകള്‍ക്ക് ശേഷം 2011ല്‍ ചൈനാ ടൗണ്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി.
പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അവസാനം അഭിനയിച്ച ചിത്രം. നിരവധി പ്രമുഖ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































