താല്‍ക്കാലിക വിസി നിയമനം ചട്ടവിരുദ്ധം; കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സി നിയമനത്തിനെതിരെ ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് നാളെ പരിഗണിക്കും. താല്‍ക്കാലിക വി.സി നിയമനം ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഡോ.സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) താല്‍ക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കുകയും ച്യെതിരുന്നു. ഇതിന് പിന്നാലെ കേരളം ഹര്‍ജി നല്‍കിയത്. വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് വിരുദ്ധമായാണ് ഗവര്‍ണറുടെ നടപടി.
ഡിജിറ്റലിലെയും കെടിയുവിലെയും താല്‍ക്കാലിക വി.സി നിയമനത്തില്‍ കഴിഞ്ഞ 14നു സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറിയിരുന്നു. തൊട്ടുപിന്നാലെ ഇരു സര്‍വകലാശാലകളിലേക്കും സര്‍ക്കാര്‍ 3 പേര്‍ വീതമുള്ള പാനല്‍ ഗവര്‍ണര്‍ക്കു നല്‍കി. എന്നാല്‍, ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേരളത്തില്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമനമാകുംവരെ ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. ഇവരെ തുടരാന്‍ അനുവദിക്കുകയോ താല്‍ക്കാലികമായി പുതിയൊരാളെ നിയമിക്കുകയോ ചെയ്യുന്ന കാര്യം ഗവര്‍ണര്‍ക്കു തീരുമാനിക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും പാടില്ലെന്നും ഇനിയുമതു പൊറുക്കില്ലെന്നും ഇരുകക്ഷികളെയും താക്കീതു ചെയ്തുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































